Thursday 4 November 2010

പുലയരെ ചുട്ടുകൊല്ലുന്ന പുലയര്‍

"പുലയരെ ചുട്ടുകൊല്ലുകയും ചീങ്കണ്ണിയ്ക്ക് എറിഞ്ഞുകൊടുക്കുകയും ആസനത്തില്‍ ഇരുമ്പുപാര കയറ്റി ചിത്രവധം ചെയ്യുകയും ചെയ്തുവന്ന നമ്പൂതിരിമാര്‍, നായന്മാര്‍, വര്‍മ്മമാര്‍ തുടങ്ങിയവര്‍ പുലയന്മാര്‍ തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നു. പൂണൂല്‍ ഇട്ട ചില പുലയര്‍ പൂണൂല്‍ ഇടാത്ത ചില പുലയരെ പീഡിപ്പിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും അതാതു സമുദായങ്ങളുടെ ആഭ്യന്തരപ്രശ്നമായി കണക്കാക്കേണ്ടതാണ്. അനേകം അമൂല്യമായ അറിവുകള്‍ (ഉദാഹരണമായി മാനവരാശിയുടെ ഭാവിഭദ്രമാക്കാന്‍ പോകുന്ന ഗോമൂത്ര-പഞ്ചഗവ്യം) ലോകത്തിനു സംഭാവന ചെയ്തവരും അനന്യമായ ജീന്‍ ഗുണത്താല്‍ നാളത്തെ ലോകത്തെ ഭരിക്കാനിരിക്കുന്നവരുമായ ആര്യന്മാരുടെ രക്തമുള്ള യഥാര്‍ത്ഥ വേദ-ബ്രാഹ്മണരൊക്കെത്തന്നെയും (ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞിരുന്നതുപോലെ) സാധുക്കളും സമാധാനപ്രിയരും ആണെന്നു തെളിഞ്ഞ സ്ഥിതിക്ക് ഇത്രയും കാലം ദളിത്‌ പീഡനം എന്നുപറഞ്ഞ് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ആര്യവംശത്തെ കുറ്റപ്പെടുത്തി വന്ന ഏഭ്യന്മാരെ മുഴുവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് അയയ്ക്കാനും രക്തശുദ്ധിയുള്ള പുലയര്‍ക്കും മറ്റും ഇപ്പോള്‍ കൊടുത്തുവരുന്ന പ്രത്യേക സംവരണം രക്തശുദ്ധിയില്ലാത്തവരും താഴ്ന്നജാതിക്കാരുമായ നമ്പൂതിരി, വര്‍മ്മ, നായര്‍, നമ്പ്യാര്‍, വാര്യര്‍, പിഷാരടി തുടങ്ങിയവര്‍ക്ക് ലഭ്യമാക്കാനുമുള്ള സത്വര നടപടികള്‍ എത്രയുംവേഗം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്."
(സനാതനവേദാന്ത കണാകുണാ പരിഷത്ത്)
പരമ്പരാഗത നരവംശശാസ്ത്രം മനുഷ്യവിഭാഗങ്ങളുടെ വംശീയത നിര്‍ണ്ണയിക്കാന്‍ മുഖ്യമായും ബാഹ്യമായി പ്രകടമായ ഉയരം, തൊലിയുടെ നിറം, മുഖത്തിന്റെ ആകൃതി, മുടിയുടേയും കണ്‍പോളകളുടെയും പ്രത്യേകതകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇത്തരത്തിലുള്ള ബാഹ്യസവിശേഷതകളുടെ അടിസ്ഥാനത്തില്‍ മാത്രം വംശപാരമ്പര്യം നിര്‍ണ്ണയിക്കാനാവില്ല എന്നു തെളിഞ്ഞതിനാല്‍ ആധുനിക നരവംശപഠനങ്ങള്‍ ജീന്‍ മാതൃകകളെയാണ് അടിസ്ഥാനമാക്കുന്നത്. ഇന്ന് തൊലിയുടെ നിറവും മറ്റുമല്ല, Y-DNA ഹാപ്ലോഗ്രൂപ്പുകള്‍ ആണ് വംശനിര്‍ണ്ണയത്തിനു ആധാരമാക്കുന്നത്. ഹാപ്ലോഗ്രൂപ്പുകളുടെ സാജാത്യം നോക്കിയാണ് വിവിധജനവിഭാഗങ്ങളുടെ വംശീയപാരമ്പര്യം നിര്‍ണ്ണയിക്കുന്നത്. മനുഷ്യവംശം മുഴുവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നുരുത്തിരിഞ്ഞു എന്നും, ഇന്ന് ലോകത്ത്‌ കാണപ്പെടുന്ന വ്യത്യസ്ത ജീന്‍ മാതൃകകള്‍ ഒരേ മാതൃകയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതാണെന്നും ആധുനിക ജനിതകശാസ്ത്രം വിശ്വസിക്കുന്നു.

Map.png

eveY.png

yH.png

mt.png

'വംശ'വും 'എത്നിക് ഗ്രൂപ്പും'

വംശീയമാതൃകകളെ പറ്റിയുള്ള പഠനങ്ങള്‍ പരമ്പരാഗത വംശീയസങ്കല്‍പ്പങ്ങളെ തകിടം മറിച്ചതുകൊണ്ടുതന്നെ ആധുനിക ചരിത്രഗവേഷണങ്ങളും പഠനങ്ങളും വംശം (race) എന്നതിനു പകരം വര്‍ഗം അല്ലെങ്കില്‍ ജനവിഭാഗം (ethnic group) എന്ന സങ്കല്‍പ്പമാണ്.
വംശീയപാരമ്പര്യത്തെ പറ്റിയുള്ള തര്‍ക്കങ്ങളും സിദ്ധാന്തങ്ങളുടെ അസ്ഥിരതയും ചരിത്ര-സാംസ്ക്കാരിക-സാമൂഹിക പഠനങ്ങളെ ബാധിക്കാതിരിക്കാന്‍ സഹായകമാണ് ജനവിഭാഗങ്ങളെ വംശങ്ങളായി പരിഗണിക്കാതെ എത്നിക് ഗ്രൂപ്പുകളായി പരിഗണിക്കുന്നത്.
യുനെസ്കോയുടെ "The Race Question" എന്ന പ്രസ്താവന ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നു:
"National, religious, geographic, linguistic and cultural groups do not necessarily coincide with racial groups: and the cultural traits of such groups have no demonstrated genetic connection with racial traits. Because serious errors of this kind are habitually committed when the term 'race' is used in popular parlance, it would be better when speaking of human races to drop the term 'race' altogether and speak of 'ethnic groups'."
വംശം (race) എന്നത് കേവലം ജീവശാസ്ത്രപരമായ ഒരു ഘടകമാണ്. ഒരു മനുഷ്യന്റെ അല്ലെങ്കില്‍ ഒരുകൂട്ടം മനുഷ്യരുടെ ശാരീരികമായ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് വംശീയ പാരമ്പര്യം നിര്‍ണ്ണയിക്കുന്നത്. അതേസമയം എത്നിസിറ്റി എന്നത് മുഖ്യമായും സാംസ്കാരിക-സാമൂഹിക പാരമ്പര്യത്തെയാണ് അടിസ്ഥാനമാക്കുന്നത്. ഒരു ജനതയുടെ ഭാഷ, സാംസ്കാരിക സവിശേഷതകള്‍, സാമൂഹ്യഘടന, ചരിത്രം, തുടങ്ങിയ പല ഘടകങ്ങളുടെ ആകെത്തുകയാണ്‌ എത്നിസിറ്റി.

സാമൂഹിക വിശകലനങ്ങളില്‍ എത്നിക് ഗ്രൂപ്പുകളെയാണ് മുഖവിലയ്ക്ക് എടുക്കേണ്ടത് എന്നതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ നല്‍കാന്‍ സാധിക്കും. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഇന്നത്തെ തലമുറ ശരാശരി അമേരിക്കക്കാരെ പോലെ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരായ തങ്ങളുടെ പൂര്‍വ്വികരെ പോലെയല്ല. ജനവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളെയും പെരുമാറ്റമുറകളെയും രൂപപ്പെടുത്തുന്നത് ജീവശാസ്ത്രപരമായ പിന്തുടര്‍ച്ചയല്ല, മറിച്ച് സാംസ്കാരിക-സാമൂഹിക തലങ്ങളിലുള്ള പിന്തുടര്‍ച്ചയാണ്.

afr_ameri.jpg

നൈജീരിയയിലെയും ബോസ്നിയയിലെയും ഇറാനിലെയും കേരളത്തിലെയും ഇന്‍ഡോനേഷ്യയിലെയും മുസ്ലീങ്ങള്‍ ഒരുപോലെ പന്നിമാംസം വര്‍ജ്യമായി കരുതുന്നവരാണ്. അത് അവര്‍ വംശീയമായി ഒരേഗ്രൂപ്പില്‍ പെടുന്നതു കൊണ്ടല്ലല്ലോ. കേരളത്തിലെ നസ്രാണികള്‍ ഒരു എത്നിക് ഗ്രൂപ്പാണ്. അവര്‍ക്ക് അവരുടെതായ സംസ്കാരവും ചരിത്രവും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. അത് നൂറ്റാണ്ടുകളായി ഒരു സമുദായമായി ജീവിച്ചുവന്നതിന്റെ ഫലമായി രൂപപ്പെട്ടുവന്നതാണ്. നസ്രാണികള്‍ ബ്രാഹ്മണരുടെയോ ഈഴവരുടെയോ യഹൂദരുടെയോ ഗ്രീക്കുകാരുടെയോ പിന്‍ഗാമികള്‍ ആണെന്നു തെളിയിച്ചതുകൊണ്ട് ആ പ്രത്യേകതകള്‍ ഇല്ലാതാവില്ല. എത്നിസിറ്റിയുടെ പ്രാധാന്യം ഇതാണ്.

നമ്പൂതിരിമാര്‍ ആര്യന്‍ പിന്തുടര്‍ച്ചക്കാരാണ് എന്നു പറയുന്നത് വേദകാല സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന അര്‍ത്ഥത്തിലാണ്. വേദകാലജനത (അവര്‍ ഏതു വംശത്തില്‍ പെട്ടവരായിരുന്നാലും) സ്വയം ആര്യന്മാര്‍ എന്നാണു വിളിച്ചിരുന്നത്. നമ്പൂതിരിമാരും സ്വയം ആര്യന്മാര്‍ എന്നു വിളിക്കുകയും അതേ വേദസംസ്കൃതിയുടെ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നിടത്തോളം അവര്‍ ഏതു വംശത്തില്‍ പെട്ടവരായിരുന്നാലും ആര്യന്‍മാരുടെ പിന്‍ഗാമികള്‍ തന്നെയാണ്.

caste-system.jpg

കേരളത്തിലെ നമ്പൂതിരിമാര്‍ ഈഴവരുടെയോ പുലയരുടെയോ കുറിച്യരുടെയോ അതേ രക്തമായിരിക്കാം, അല്ലായിരിക്കാം. എന്നാല്‍ അതുകൊണ്ട് നമ്പൂതിരിമാര്‍ കാലാകാലങ്ങളായി താഴ്ന്നജാതിക്കാരോട് ചെയ്തുവരുന്ന ക്രൂരതകള്‍ ഇല്ലാതാവുമോ? ശര്‍മ്മമാരും ചെറുമരും ഒരേ ഗോത്രമാണെന്നു തെളിഞ്ഞാല്‍ ചെറുമര്‍ ഇക്കാലമത്രയും അനുഭവിച്ച നിന്ദകള്‍ക്ക്‌ പരിഹാരമാകുമോ? "പുലയര്‍ പുലയരെ പീഡിപ്പിച്ചു, അതിനു 'മഹത്തായ' വേദസംസ്കാരം എന്തുപിഴച്ചു?" എന്നുപറഞ്ഞ് അതിന്റെ വക്താക്കള്‍ക്ക് കൈകഴുകാനാവുമോ? ചെറുമന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാന്‍ 'തമ്പ്രാക്കന്മാരെ' പ്രേരിപ്പിച്ചത്‌ തങ്ങള്‍ ധരിക്കുന്ന പൂണൂലും കൌപീനവും കുടുമയും പഠിച്ച സംസ്കൃതവും വേദങ്ങളും സര്‍വ്വോപരി ഇതിന്റെയെല്ലാം പിന്തുടര്‍ച്ചാവകാശികളാണ് തങ്ങളെന്ന അടിയുറച്ച വിശ്വാസവുമാണെങ്കില്‍ സംശയമില്ല ഇവ പടച്ചുവിട്ട പ്രാകൃത ജനതയുടെ ആധുനിക പിന്‍തലമുറക്കാര്‍ തന്നെയാണിവര്‍. ഒരു DNA പഠനത്തിനും ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണക്കാനാവില്ല.

unt.jpg

plate42.jpg

ചരിത്രഗവേഷണങ്ങള്‍ ഇത്രയേറെ പുരോഗമിച്ചിട്ടും വംശചരിത്രങ്ങളെ കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചരിത്രാവബോധമില്ലാത്ത സാധാരണക്കാരിലല്ല, മറിച്ച് ചരിത്രകുതുകികള്‍ ആയവരിലാണ് ഇത്തരം അബദ്ധധാരണകള്‍ നിലനില്‍ക്കുന്നത്. അവയില്‍ ചിലത്:

ആര്യന്‍ അധിനിവേശം എന്ന സങ്കല്‍പ്പം കൊളോണിയല്‍ ഭരണക്കാരുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്‌. ഇന്ത്യാക്കാര്‍ മുഴുവന്‍ ആര്യന്മാരാണെന്നും ആര്യന്മാര്‍, ദ്രാവിഡര്‍ എന്ന വംശീയവ്യത്യാസങ്ങള്‍ ഇന്ത്യാക്കാരുടെ ഐക്യം തകര്‍ക്കാന്‍ വെള്ളക്കാര്‍ അവതരിപ്പിച്ചതാണ് എന്നും ഇവര്‍ ഒരു കാലത്ത്‌ പ്രചരിപ്പിച്ചിരുന്നു. ആര്യന്മാര്‍ വിദേശികള്‍ അല്ല എന്നു സ്ഥാപിക്കാന്‍ ഓരോ കാലഘട്ടത്തിലും ഇക്കൂട്ടര്‍ ഓരോരോ സിദ്ധാന്തങ്ങളുമായി വന്നെങ്കിലും ഒന്നും തന്നെ സ്വീകരിക്കപ്പെട്ടില്ല. സിന്ധുനദീതട സംസ്കാരം ആര്യന്മാരുടേതാണെന്നും അവരുടെ പ്രാചീനഭാഷ സംസ്കൃതത്തോടു സാമ്യമുള്ള പ്രാചീന ഇന്‍ഡോ-ഇറാനിയന്‍ ഭാഷയാണെന്നും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നു. (സിന്ധുനദീതട അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന കാളയുടെ രൂപത്തെ ഫോട്ടോഷോപ്പില്‍ കയറ്റി പശുവും കുതിരയുമൊക്കെ ആക്കി "സിന്ധുനദീതട-വേദസംസ്കാര"ത്തിനു തെളിവുണ്ടാക്കാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്‌.) ഉത്തരേന്ത്യക്കാര്‍ പൊതുവേ (പഞാബികള്‍ ഒഴികെ) വിശ്വസിക്കുന്നത് തങ്ങള്‍ ആര്യന്‍മാരുടെ അതേ രക്തമാണെന്നാണ്. അതുകൊണ്ടുതന്നെ ആര്യന്‍ അധിനിവേശം എന്നൊന്ന് സംഭവിച്ചിട്ടേയില്ല എന്നു സ്ഥാപിക്കാന്‍ വല്ലാത്ത ആവേശമാണ് ഇവര്‍ക്ക്.

211_indus_valley_bowl_dish.jpg

harappan-art.jpg

സിന്ധുനദീതട സംസ്കാരം ആര്യന്മാരു(Indo-Iranian)ടേതായിരുന്നു എന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളും ഇന്നേവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, പ്രസ്തുത നാഗരികത ദ്രാവിഡര്‍ എന്നു പില്‍ക്കാലത്ത് വിളിക്കപ്പെട്ട ജനതയുടേതായിരുന്നു എന്നു വിശ്വസിക്കാന്‍ ന്യായമുണ്ട് താനും. അതുകൊണ്ടുതന്നെ ഹാരപ്പന്മാരുടെ കാലത്ത് ആര്യന്മാര്‍ ഒന്നുകില്‍ ഇവിടെ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ആ നാഗരികതയെ സ്പര്‍ശിക്കാതെ വിദൂര വനാന്തരങ്ങളില്‍ പില്‍ക്കാലത്ത് കണ്ടെടുക്കത്തക്ക തെളിവുകള്‍ അവശേഷിക്കാത്ത വണ്ണം നാഗരികമായ യാതൊന്നും സ്വന്തമായി ഇല്ലാതെ പാര്‍ത്തിട്ടുണ്ടാവണം. ഇതില്‍ രണ്ടാമത്‌ പറഞ്ഞതിന് സാധ്യതയില്ലാത്തതിനാല്‍ ആദ്യത്തേതായിരിക്കണം സത്യം, അതായത്‌ അവര്‍ ഇവിടെ ഉണ്ടായിരുന്നില്ല.

mohenjodaro2.jpg

അടുത്തകാലത്ത്‌ സൈബീരിയയില്‍ കണ്ടെത്തിയ 4000 BC ആണ്ടിലെ നഗരാവശിഷ്ടങ്ങള്‍ ആര്യന്മാരുടേതാണ് ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നു. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ സൈബീരിയയില്‍ നിന്നു വന്നു എന്ന സിദ്ധാന്തം ശരിയാണെന്നു തന്നെയാണ്. സൈബീരിയയില്‍ നിന്ന് ഇന്നത്തെ തുര്‍ക്കിസ്ഥാന്‍ വഴി ഇറാനിലേക്കും പഞ്ചാബ്‌ വഴി ഗംഗാതടത്തിലേയ്ക്കും ഇവര്‍ കടന്നു കയറിയിരിക്കാമെന്നു കരുതപ്പെടുന്നു.

വേദങ്ങളിലെ ഭാഷയ്ക്ക് ആധുനിക സംസ്കൃതത്തെക്കാള്‍ സാമ്യം "സെന്ത് അവസ്ഥ"യിലെ പ്രാചീന ഇറാനിയന്‍ ഭാഷയോടാണ്. ആധുനിക ചരിത്രകാരന്മാര്‍ "ആര്യന്‍" എന്ന പദത്തിനു പകരം "ഇന്‍ഡോ-ഇറാനിയന്‍" എന്ന പദമാണ് ഉപയോഗിക്കുന്നത്. (ഇറാന്‍ എന്ന വാക്കും ആര്യന്‍ എന്ന വാക്കും ഒരേ മൂലപദത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.)

ഉത്തരേന്ത്യക്കാര്‍ മുഴുവന്‍ (പാക്കിസ്ഥാന്‍കാര്‍ അടക്കം) ആര്യന്‍ (Indo-Iranian) വംശീയ പാരമ്പര്യമുള്ളവരാണെന്നാണ് മറ്റൊരു തെറ്റിദ്ധാരണ. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഉത്തരേന്ത്യക്കാരില്‍ വലിയൊരു ശതമാനവും (പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തരേന്ത്യയില്‍ ഉള്ളവര്‍) ഗ്രീക്ക്, സിഥിയന്‍ വംശജരുടെ പിന്തുടര്‍ച്ചക്കാരാണ്. അല്ലാതെ ഇന്‍ഡോ-ഇറാനിയന്‍മാര്‍ ആദ്യം വന്ന് ഉത്തരേന്ത്യ മുഴുവന്‍ കയ്യേറി "ഹൌസ്‌ഫുള്‍" ആയിപ്പോയതുകൊണ്ട് പിന്നീട് വന്നവര്‍ ഇവിടെ കുറ്റിയടിക്കാതെ അല്ലറ ചില്ലറ സ്ത്രീപീഡനമൊക്കെ നടത്തി വന്നവഴി തിരിച്ചുപോയെന്നു കരുതുന്നത് വിഡ്ഢിത്തമാണ്.

8 comments:

  1. ചെറുമന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാന്‍ 'തമ്പ്രാക്കന്മാരെ' പ്രേരിപ്പിച്ചത്‌ തങ്ങള്‍ ധരിക്കുന്ന പൂണൂലും കൌപീനവും കുടുമയും പഠിച്ച സംസ്കൃതവും വേദങ്ങളും സര്‍വ്വോപരി ഇതിന്റെയെല്ലാം പിന്തുടര്‍ച്ചാവകാശികളാണ് തങ്ങളെന്ന അടിയുറച്ച വിശ്വാസവുമാണെങ്കില്‍ സംശയമില്ല ഇവ പടച്ചുവിട്ട പ്രാകൃത ജനതയുടെ ആധുനിക പിന്‍തലമുറക്കാര്‍ തന്നെയാണിവര്‍. ഒരു DNA പഠനത്തിനും ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണക്കാനാവില്ല.

    ReplyDelete
  2. പ്രയോജനപ്രദമായ കുറെ വിവരങ്ങളും ഡയഗ്രങ്ങളുമുണ്ടല്ലോ !!!

    ReplyDelete
  3. "അടുത്തകാലത്ത്‌ സൈബീരിയയില്‍ കണ്ടെത്തിയ 4000 BC ആണ്ടിലെ നഗരാവശിഷ്ടങ്ങള്‍ ആര്യന്മാരുടേതാണ് ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നു. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ സൈബീരിയയില്‍ നിന്നു വന്നു എന്ന സിദ്ധാന്തം ശരിയാണെന്നു തന്നെയാണ്. സൈബീരിയയില്‍ നിന്ന് ഇന്നത്തെ തുര്‍ക്കിസ്ഥാന്‍ വഴി ഇറാനിലേക്കും പഞ്ചാബ്‌ വഴി ഗംഗാതടത്തിലേയ്ക്കും ഇവര്‍ കടന്നു കയറിയിരിക്കാമെന്നു കരുതപ്പെടുന്നു."

    തീര്‍ച്ചയായും , അങ്ങനെ തന്നെ ആയിരിക്കാനാണ്‌ സാധ്യത . ഈ ഭൂവിഭാഗങ്ങളില്‍ ഏറെ നാളായി താമസിച്ചു വരുന്നവരുടെ ശാരീരികം ഗുണങ്ങളില്‍ , (രൂപം ,നിറം , തുടങ്ങിയവ )അതിന്റെ പ്രകടമായ തെളിവാണ് . ഒരുപടി കൂടി കടന്നു അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവരുടെ പൊതുവായ ജനിതക സാമ്യതകള്‍ കാണിച്ചു തരുന്നു . ഒരേ ഹപ്ലോ ഗ്രൂപ്പ്‌ പങ്കു വയ്ക്കുന്ന ഒരുപാടു പേര്‍ ഈ സമൂഹങ്ങളില്‍ ഉണ്ട് എന്നതാണ് ജനിതകപരമായി തന്നെ കാണാന്‍ സാധിക്കുന്നത് . (സ്വാഭാവികമായും , ജനിതക ഖടകങ്ങള്‍ ധാരാളമായി പങ്കു വയ്ക്കുന്ന സമൂഹങ്ങള്‍ തമ്മില്‍ ബാഹ്യമായ സാദൃശ്യങ്ങള്‍ ഉണ്ടാകും എന്നത് ജനിതകശാസ്ത്രത്തിന്റെ ഏറ്റവും ലളിതമായ സത്യവും ആണല്ലോ ) . പരംബരാകതമായ വംശീയ ശാസ്ത്ര സങ്കേതങ്ങളും , ജനിതശാസ്ത്രത്തില്‍ അധിസ്ടിതമായ രീതികളും പരസ്പര പൂരകങ്ങളും , ഒന്ന് മറ്റൊന്നിനെ ഉപോത്ബലകവും ആണ് . അതില്‍ വരുധ്യങ്ങള്‍ വരുമ്പോള്‍ ജനിതശാസ്ത്രം തന്നെ ആണ് കൂടുട്കള്‍ ആധികാരികം ആകുന്നതു എന്നും പറയേണ്ടതില്ല .

    ഇന്ത്യയില്‍ ആര്യന്മാരുടെ അധിനിവേശം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് വാദിക്കുന്നവര്‍ പലരും രഹസ്യമായി , തങ്ങള്‍ ആര്യന്‍ മാരുടെ രക്തമാണെന്ന് അഭിമാനിക്കുന്നവര്‍ (അങ്ങനെ അല്ലെങ്ങില്‍ പോലും ) ആണ് . ഈ തോന്നല്‍ തന്നെയാണ് പലരുടെയും ജാതീയ ദുരഭിമാനത്തിന്റെ ആണി ക്കല്ല് . ആ തെറ്റിദ്ധാരണയെ പരമ്പരാഗത ശാസ്ത്രീയ രീതികള്‍ കൊണ്ടു തന്നെ സാമാന്യ ബോധമുള്ള ഒരാള്‍ക്ക്‌ തിരിച്ചറിയാം . ഇനി അത് പോരെങ്ങില്‍ , ജനിതക ശാശ്ത്രത്തിന്റെ ഏറ്റവും പുതിയ രീതികളും , ഹപ്ലോ ഗ്രൂപ്പും ഉപയോഗിച്ചും അതെ അനുമാനത്തില്‍ എത്തിച്ചേരാം .കേരളത്തെ സംബധിചെടുതോളം രണ്ടു രീതികളില്‍ നിന്നും (പരമ്പരാഗതവും ജനിതകവും ) കിട്ടുന്ന ഉത്തരം ഒന്ന് തന്നെ ആണ് , ആര്യന്‍ രക്തമാണ് എന്നുള്ള ദുരഭിമാനത്തിനു അടിസ്ഥാനമില്ല . അതുകൊണ്ടു സായിപ്പിന്റെ /അല്ലെങ്ങില്‍ "കൊച്ചു സായിപ്പാ"യ വടക്കെ ഇന്ത്യക്കാരന്റെ വംശപരമ്പരയില്‍ പെട്ടതാണ് എന്നുള്ള "സുപ്പീരിയോരിട്ടി കൊമ്പ്ലക്സിനും" അടിസ്ഥാനം ഇല്ല തന്നെ .(ആര്യന്മാര്‍ നോമാടിക് ആയ ഗോത്രവര്ഗ്ഗരെന്നു അറിയാതെയാണ് പലരും ദുരഭിമാനം കൊള്ളുന്നത്‌ എന്നത് വേറെ കാര്യം!! )

    പുലയന്റെ വംശമായത് കൊണ്ടു പുലയനെ പ്പോലെ സംവരണം വേണം എന്ന് പറയുന്നവരോട് പറയുവാനുള്ളത് , ആദ്യം പുലയനില്‍ നിന്നും രാജ്യ ഭരണത്തിന്‍ കീഴില്‍ അടിച്ചുമാറ്റിയ സമ്പത്ത് തരിച്ചു കൊടുത്തിട്ടാകട്ടെ തുടക്കം , പിന്നെ ഒരേ വംശം ആയ പുലയനില്‍ നിന്നും വിവാഹ ബന്ധങ്ങളും തുടങ്ങുക , സംവരണം താനെ വന്നോളും !!

    ReplyDelete
  4. കൊള്ളാം പോരട്ടെ ഈ സൈസ്‌....

    ReplyDelete
  5. ഇസ്രായേൽ വംശത്തിൽ സീനായ് മലയുടെ അടിവാരത്തിൽ തുടങ്ങിയ കാളക്കുട്ടി ആരാധനക്കാരെ അവിടുത്തെ ഏകദൈവ വിശ്വാസികൾ ഓടിച്ചുവിടുകയും തങ്ങളുടെ ആടുമാടുകളെ തീറ്റി മേച്ചിൽപുറങ്ങളിലൂടെ സഞ്ചരിച്ച് കസക്കിസ്ഥാൻ പാക്കിസ്ഥാൻ മലനിരകളിലൂടെ സിന്ധുനദിയുടെ തീരെ എത്തി പതുക്കെപതുക്കെ ഇടകലർന്ന് കീഴടക്കി അവരുടെ കാളക്കുട്ടി ആരാധനയും വിഗ്രഹ ആരാധനയും കൊണ്ടുവന്നു എന്ന് കണക്കാക്കാം.. വെളുത്തവരെ പാടത്തും പറമ്പിലും ക്രിഷിചെയ്യുന്ന കറുത്ത ഇന്ത്യക്കാർ ഏറ്റെടുത്ത് തങ്ങളുടെ അഭിമാനവും ആയി കരുതിയിരിക്കാം.. അത് അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി എന്നുവേണം കരുതാൻ ... എന്തായാലും വിഗ്രഹവും ഹിന്ദുവും ആര്യന്മാരുടെ സംഭാന എന്നത് നിസംശയം തെളിയിക്കപ്പെട്ടിരിക്കുന്നു..

    ReplyDelete
    Replies
    1. ബ്രാഹ്മണരാണോ താന്ത്രിക വിദ്യയുടെ യഥാർത്ഥ അവകാശികൾ????

      പുരാതന നഗരസംസ്കാര പ്രദേശങ്ങളില്‍ ലൈംഗിക ചിഹ്നങ്ങളെ പൂജാവസ്തുക്കളാക്കി ആരാധിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ ലിംഗയോനീ രൂപങ്ങളുടെ പ്രതിഷ്ഠ നടത്തി പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഭാരതത്തില്‍ ശിവലിംഗമാണ് മുഖ്യമായി ആരാധിക്കപ്പെടുന്ന ലൈംഗിക ചിഹ്നം. പേര് സൂചിപ്പിക്കുന്ന പോലെ കേവലം ലിംഗരൂപം മാത്രമല്ല യോനിയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ശിവലിംഗത്തിന്റെ നിര്‍മ്മാണം. പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകമായാണ് ശിവലിംഗത്തെ കാണുന്നത്. ഭാരതീയ വിശ്വാസപ്രകാരം പ്രകൃതി പുരുഷ സംയോഗമാണ് സൃഷ്ടിക്ക് കാരണം. മണ്ണില്‍ വിതക്കുന്ന വിത്ത് മുളപൊട്ടുന്നതും സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം കുഞ്ഞായി പിറക്കുന്നതിനും കാരണം അദൃശ്യമായ ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു.

      സ്ത്രീയെ ഭൂമിയായും പ്രകൃതിയായും പ്രപഞ്ചത്തിന്റെ ഈശ്വരിയായും കല്പിച്ചതിന്റെ പൊരുള്‍ അവള്‍ സന്താനോല്പാദനത്തിന്റെ ഉറവിടമാണ് എന്ന കാഴ്ച്ചപ്പാടാണ്. വിത്ത് ബീജമാണ്, അത് തന്നെയാണ് ശുക്ലവും. ബീജദാനത്തിനുള്ള ഭൂമിക്ക് അങ്ങനെ ദൈവിക പരിവേഷം കൈവന്നു. സ്ത്രീപുരുഷ സംഗമം ഈശ്വരാര്‍ച്ചന കര്‍മ്മമായി മാറിയതിന്റെ വിശ്വാസപരമായ അടിസ്ഥാനം ഇതാണ്.

      ഹാരപ്പയില്‍ നടന്ന ഉല്‍ഖനന വേളയില്‍ ലഭിച്ച ശിവലിംഗമാണ് ഭാരതത്തില്‍ കണ്ടു കിട്ടിയ ഏറ്റവും പഴക്കമുള്ള ആരാധനാ വിഗ്രഹം. അയ്യായിരത്തോളം വര്‍ഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന ആ ചുണ്ണാമ്പ് കല്‍ പ്രതിമ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വിറ്റീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിജൃംഭിതാവസ്ഥയിലുള്ള പുരുഷേന്ദ്രിയത്തിന്റെ രൂപമാണ് ഈ ഹാരപ്പന്‍ ശില്പത്തിനുള്ളത്. ഭാരതത്തില്‍ ശൈവാരാധനയുടെ മുഖ്യ കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ താന്ത്രിക പൂജയുടെ വേദികളായിരുന്നു. വേദകാലത്ത് ലിംഗപൂജ ചെയ്യുന്നവരെ ആര്യന്മാര്‍, അസുരന്മാരെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ശിശ്നദേവന്മാര്‍ എന്ന പരിഹാസപേരാണ് ആര്യന്മാര്‍ താന്ത്രിക മതസ്ഥര്‍ക്ക് നല്‍കിയിരുന്നത്. പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം.

      പരദേശി ബ്രാഹ്മണരായ ആര്യന്മാർ ഹിംസയും മൃഗബലിയും നിറഞ്ഞ
      വൈദിക മതം കൊണ്ട് വന്നത് ദ്രാവിഡതാന്ത്രിക സംസ്കാരത്തെ നശിപ്പിച്ചാണ് ,മൃഗബലിയും അഹിംസയും ആഭാസങ്ങളും നിറഞ്ഞ ആ വേദ സംസ്കാരത്തിന് തിരശ്ശീല വീഴ്ത്തിയത് ബുദ്ധമതത്തിന്റെ വരവോടെയാണ് അങ്ങനെ ജനങ്ങൾ സനാതന സംസ്കാരത്തിലേക്ക് വീണ്ടും മടങ്ങി പക്ഷേ തക്കം പാർത്തിരുന്ന പരദേശി ബ്രാഹ്മണ വൈദികന്മാർ ബുദ്ധമതത്തെ അട്ടിമറിച്ച് വീണ്ടും എത്തി ഇത്തവണ ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായ കുണ്ഡലിനീ യോഗയിൽ അടിസ്ഥാനമായ താന്ത്രികത്തിൽ വേദമന്ത്രങ്ങൾ കുത്തി നിറച്ച് വികലമാക്കി പുതിയ ഒരു മതം വാർത്തെടുത്തു അതാണ് ഇന്നത്തെഹിന്ദുമതം ,ശുദ്ധ താന്ത്രികത്തെ വികലമാക്കി ആളുകളെ ആകർഷിക്കാനായി ദ്രാവിഡ ദേവതാ സങ്കല്പങ്ങളെ കൂട്ടി ഉൾപ്പെടുത്തിയായിരുന്നു പുതിയ മതസ്ഥാപനം നടത്തിയത് ,ബുദ്ധ മതം മൂലം ജനങ്ങൾക്ക് ഉണ്ടായ മാനസ്സിക നില അഹിംസാ തത്വങ്ങൾ ആയിരുന്നു വേദകാലത്ത് മൃഗബലിയും മാംസഭോജനവും നടത്തിയിരുന്ന ബ്രാഹ്മണർ അതെല്ലാം നിർത്തലാക്കിയാണ് പുതിയ മതം ഉണ്ടാക്കിയത്,
      വേദങ്ങളിൽ ഒരു പ്രാധാന്യം ഇല്ലാത്ത വിഷ്ണു എന്ന ഇറാനിയൻ ആര്യ ദേവനെയും ബ്രഹ്മാവിനെയും ദ്രാവിഡ സങ്കല്പമായിരുന്ന ശിവനെയും ചേർത്ത് ത്രിമൂർത്തി സങ്കല്പം ഉണ്ടാക്കി, ദ്രാവിഡ രിൽ പ്രശസ്തരായവരെ വിഷ്ണുവിന്റെ അവതാരമാക്കി കെട്ടുകഥകൾ രചിച്ച് പ്രചരിപ്പിച്ചു കാലക്രമേണ അത് സത്യമാണെന്ന രീതിയിൽ മാറി ,വൈദികരെയും വേദ മൃഗബലി യാഗ സംസ്കാരത്തെയും എതിർത്ത ശ്രീബുദ്ധനെപ്പോലും വിഷ്ണുവിന്റെ അവതാരമാക്കി കഥകൾ ഉണ്ടാക്കി,
      ഇന്നു കാണുന്ന ഈ ഹിന്ദുമതം തികച്ചും വികലമാക്കപ്പെട്ട സനാതന ദ്രാവിഡ സംസ്കാരമാണ് ,പലരും സനാതന ധർമ്മമായി വിശേഷിപ്പിക്കുന്ന സംസ്കാരത്തെ വിഴുങ്ങിയ വിഷപ്പാമ്പാണ് ഈ ബ്രാഹ്മണ ഹിന്ദുമതം ഇതിന്റെ ഉള്ളിൽ കുടുങ്ങി കിടക്കുന്ന സനാതന സംസ്കാരമാണ് ശുദ്ധ താന്ത്രിക ആരാധനകൾ, സിന്ധൂതട നിവാസികളുടെ താന്ത്രിക ആരാധന ആയിരുന്നു സനാതന സംസ്കാരം ,ലിംഗ യോനീ പ്രതീകങ്ങളെ ആരാധിച്ചിരുന്ന കുണ്ഡലിനീ യോഗയെ അടിസ്ഥാനമാക്കിയായിരുന്നു ഇത് രൂപപ്പെട്ടത്,ഇതിന്റെ ഭാഗമായിരുന്നു ഹഠയോഗവും, രാജയോഗവും വേദങ്ങളിൽ കുണ്ഡലിനീ യോഗയെക്കുറിച്ച് പരാമർശം ഒന്നുമില്ല ,അതിൽ ആഭാസങ്ങൾ നിറഞ്ഞ യാഗങ്ങൾ മാത്രമാണുള്ളത്, മാത്രമല്ല ദ്രാവിഡരെ ലിംഗ പൂജ നടത്തുന്നവർ എന്ന് ഋഗ്വേദത്തിൽ കളിയാക്കുന്നുമുണ്ട് (ഋഗ്വേദം VII - 21-5) ഇന്ന് താന്ത്രികത്തിന്റെ കുത്തക ആയി മാറിയ ബ്രാഹ്മണനാണോ അപ്പോൾ താന്ത്രികത്തിന്റെ യഥാർത്ഥ അവകാശികൾ ??അതോ ബ്രാഹ്മണൻ അടിച്ചമർത്തിയ തന്ത്രവിദ്യ ആദ്യമായി ആചരിച്ചിരുന്ന അവർണ്ണർ എന്ന ദ്രാവിഡ ജനതയോ ആരാണ് യഥാർത്ഥ അവകാശികൾ ??

      Delete