ക്നായിതൊമ്മനും ബെല്ലിഡാന്‍സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ക്നായിതൊമ്മനോ? അതാരെന്നോ? കേട്ടോളൂ: പലരും കരുതുന്നതു പോലെ റബറച്ചായന്മാര്‍ എന്ന് വിളിക്കപ്പെടുന്ന നസ്രാണികള്‍ അഥവാ സുറിയാനി ക്രിസ്ത്യാനികള്‍ ഒറ്റക്കുറ്റിയില്‍ കിളിര്‍ത്തു വന്നതല്ല. രണ്ടുതരം നസ്രാണികളുണ്ട്. മാര്‍ത്തോമ്മാ നസ്രാണികളും ക്നായി നസ്രാണികളും. സെന്റ്. തോമസ് മതംമാറ്റിയ ലോക്കല്‍സാണ് മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നുപറയുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നുവന്ന വരുത്തന്മാരാണ് ക്നായികള്‍ അഥവാ ക്നാനായക്കാര്‍. ഒരു ക്നായിക്ക് ആക്സിഡന്റ് പറ്റി
ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ രക്തം കയറ്റേണ്ടി വന്നാല്‍ അയാളുടെ ബന്ധുക്കള്‍ പറയും "ഗ്രൂപ്പേതായാലും സാരമില്ല പക്ഷേ ക്നാനായ രക്തമേ കേറ്റാവൂ" എന്ന്. അത്രയ്ക്ക് രക്തശുദ്ധി കാത്തു സൂക്ഷിക്കുന്ന ഭയങ്കരന്മാരാണ്. പെണ്ണു കിട്ടിയില്ലെങ്കില്‍ ക്നായികള്‍ സെമിനാരിയില്‍ ചേരും; എന്നാലും "ഹിന്ദു" രക്തമുള്ള തോമാനസ്രാണി പെമ്പിള്ളേരെ കെട്ടില്ല. കെട്ടിയാല്‍ വിവരമറിയും, പള്ളിയടച്ചു പിണ്ഡം വെക്കും.
916 ചോരയുള്ള ഈ അവതാരങ്ങളുടെ വല്ല്യപ്പൂപ്പനാകുന്നു ക്നായിതൊമ്മന്‍. പുള്ളി പണ്ടെന്നോ ടൂറിസ്റ്റ് വിസയില്‍ ഇവിടെ വരികയും ഇവിടുത്തെ അന്നത്തെ രാജാവ് അത് ഇമിഗ്രേഷന്‍ വിസയാക്കിക്കൊടുക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ക്നായിതൊമ്മന്‍ ആരെന്നു പിടികിട്ടി. ഇനി ബെല്ലിഡാന്‍സ്. ഇനി അതും അറിയില്ലെന്നു പറഞ്ഞേക്കരുത്. അതെ. അതുതന്നെ. അറബിപ്പെണ്‍പിള്ളേര്‍ അരക്കെട്ടു കുലുക്കി കളിക്കുന്ന ആ ഡാന്‍സില്ലേ, ഒരുസൈസ് കാബറേമോഡല്‍? ലോ ലതുതന്നെ.
ഈ ബെല്ലിഡാന്‍സും നസ്രാണിയായ തൊമ്മനും തമ്മിലെന്തു ബന്ധം എന്നുചോദിക്കാന്‍ വരട്ടെ. ക്നായിതൊമ്മനും പാര്‍ട്ടിയും ഇവിടെ കപ്പലടുപ്പിച്ച
വിവരം കേട്ട് രാജാവ് നേരിട്ടെഴുന്നള്ളി പുള്ളിക്കാരനെ വിളിച്ച് കോലോത്തു കൊണ്ടുപോയി എന്നാണ് ഏതോ ഒരു ചെമ്പുതകിടില്‍ എഴുതി
വെച്ചിരിക്കുന്നത്. മാത്രമല്ല അങ്ങേര്‍ക്കായി ഒരു ടൌണ്‍ തന്നെ എഴുതി കൊടുത്തത്രേ. തീര്‍ന്നില്ല, ആ ടൌണിലെ ലോ ആന്‍റ് ഓര്‍ഡര്‍ കൈകാര്യം
ചെയ്യാനുള്ള അധികാരവും രാജാവ് തോമാച്ചന് കൊടുത്തു. ഇത്രയുമൊക്കെ കാര്യമായിട്ട് കൊടുക്കണമെങ്കില്‍ രാജാവിനും
'കാര്യ'മായിട്ടെന്തെങ്കിലും കിട്ടിയിട്ടുണ്ടാകണ്ടേ?
കാനായി കുഞ്ഞുതോമനും വേറെ കുറെ 'ക്ണായി'മാരും ഇവിടെ വന്നെന്നു പറയപ്പെടുന്നത് ഏഴാം നൂറ്റാണ്ടിലാണ്. അങ്ങേര്‍
എവിടുത്തുകാരനാണെന്നുള്ള കാര്യത്തില്‍ പലരും പല അഭിപ്രായക്കാരാണ്. പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാക്കാരനായ വെറും
പെറുക്കിയാണെന്നും പറയുന്നവരുണ്ട്. അഹമ്മതിക്കാരന്‍ നജാദിന്‍റെ അമ്മാവനായ ഇറാനിയായിരുന്നെന്നും അതല്ല സദ്ദാം ഹുസൈന്‍റെ ഉപ്പൂപ്പാന്‍റെ
ഉപ്പൂപ്പായായ ഇറാഖിയായിരുന്നെന്നും വേറെ ചിലര്‍ പറയുന്നു. എന്തായാലും ഇപ്പറഞ്ഞവയൊക്കെ ഏതാണ്ട് ഒരുപോലെയുള്ള സ്ഥലങ്ങളാണല്ലോ. ഏഴാം
നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുവരുന്നവര്‍ ഇന്നത്തെ അച്ചായന്മാരെപ്പോലെ ജൂബായുടുത്ത് കൂളിംഗ് ഗ്ലാസ്സ് വെച്ച് മൂക്കിപ്പൊടി
വലിച്ച് "ഓ എന്നാ പറയാനാ"എന്നരീതിയില്‍ സംസാരിക്കുന്നവരാകാന്‍ യാതൊരു വഴിയുമില്ല. മിക്കവാറും ക്നായിതൊമ്മന്‍ അറബിക്കഥകളിലെ
സിന്ദ്ബാദിനെപ്പോലെയോ നസറുദ്ദീന്‍ ഹോജയെപ്പോലെയോ ഉള്ള ഒരാളായിരിക്കാനാണ് സാധ്യത.
താടിവച്ച് ഹുക്കവലിച്ച് താലിബാന്‍കാരെപ്പോലെ തൊപ്പിവച്ച് അണ്ണാക്കില്‍ ചൂടുരുളക്കിഴങ്ങിട്ടതുപോലെ "അല്‍ഫലാ രഹാഫത്തുള്‍ ഹലാ"
എന്നൊക്കെപ്പറയുന്ന ഒരാളായിരുന്നിരിക്കണം നമ്മുടെ കാനായി. ഉദയംപേരൂര്‍ സിനഡില്‍ നിരോധിച്ച ഒരുകാര്യം ബഹുഭാര്യത്വമായതുകൊണ്ട് അതിനുമുന്‍പ്
ഇവിടുത്തെ നസ്രാണികള്‍ പലവട്ടം കെട്ടിയിരുന്നിരിക്കാന്‍ സാധ്യതയുള്ളതുപോലെ ക്നായിതൊമ്മനും അങ്ങേരുടെ നാട്ടിലെ രീതിയനുസരിച്ച് മിനിമം
നാലുബീവിമാരെയെങ്കിലും വച്ചിരിക്കാന്‍ വകുപ്പുണ്ട്.
അക്കാലത്തും പിന്നീടും, അവിടെയും ഇവിടെ കേരളത്തിലും, അടിമപ്പണിയും ദാസിപ്പണിയുമൊക്കെ തകൃതിയായി
നടന്നിരുന്നതുകൊണ്ടും ക്നായിതൊമ്മന്‍റെ മതത്തിലും അതിനുമുന്‍പുള്ള യഹൂദമതത്തിലും പിന്‍പുള്ള ഇസ്ലാം മതത്തിലുമൊന്നും ഇതിനു വിലക്കൊന്നും
ഇല്ലാത്തതുകൊണ്ടും ക്നായിതൊമ്മന്‍ വന്നകൂട്ടത്തില്‍ അഞ്ചെട്ട് പര്‍ദ്ദയിട്ട ഭാര്യമാരെയും സുന്നത്തുചെയ്ത പത്തറുപത് മക്കളെയും കൂടാതെ
കിടിലന്‍ ചരക്കുകളായ, ബെല്ലിഡാന്‍സ് കളിക്കുന്ന, പത്തുനൂറു ദാസിപ്പെണ്ണുങ്ങളെയും കൊണ്ടുവന്നിരിക്കാനും നമ്മുടെ താടിവച്ച
മാര്‍ത്താണ്ഡവര്‍മ്മയുടെയും തലയില്‍ ചൂലുവച്ച സ്വാതിതിരുനാളിന്‍റെയും വകയിലൊരപ്പൂപ്പനായ സ്ഥാണുരവിയെന്നോ മറ്റോ പേരുള്ള അക്കാലത്തെ
കൊലച്ചിരിയന്‍ (കുലശേഖരന്‍) രാജാവിന് അക്കൂട്ടത്തില്‍ അഞ്ചാറെണ്ണത്തെ കൊടുത്തിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ക്നായിതൊമ്മന്‍ വന്ന
വിവരംകേട്ട് രാജാവ് അങ്ങോട്ട് ചെന്ന്‍ എതിരേറ്റത്.
അങ്ങേരവിടെ കോലോത്ത് മുറുക്കാനൊക്കെ ചവച്ച് കുടുമയൊക്കെ കെട്ടി മുണ്ടുമാത്രമുടുത്ത് "ഹയ് രാമാ, ആ
കൊഴമ്പിങ്ങെടുക്ക്വാ" എന്നൊക്കെ പറഞ്ഞ്, കുളിക്കാത്ത അടിച്ചുതളിക്കാരി ജാനുമാരെ നോക്കി നെടുവീര്‍പ്പിട്ട്, തടിച്ചുവീര്‍ത്ത്
താടകപ്പരുവമായ നേത്യാരമ്മച്ചിമാരെ നോക്കി ജീവിതം വെറുത്ത് ഇരിക്കുമ്പോഴാണ് ആരോ ഓടിവന്ന്‍ പറയുന്നത്, "തമ്പുരാനേ ഒരുത്തന്‍ കുറേ
പൊളപ്പന്‍ ചരക്കു(കളെയു)മായി ഒരു കപ്പലില്‍ വന്നിരിക്കുന്നു" എന്ന്. കേട്ടപാതി രാജാവ് വെച്ചുപിടിച്ചു ബീച്ചിലേയ്ക്ക്. അവിടെച്ചെന്ന
രാജാവിനെ തൊമ്മന്‍ വൈന്‍കൊടുത്തും ഹുക്കവലിപ്പിച്ചും രസിപ്പിച്ച കൂട്ടത്തില്‍ കിടുക്കന്‍ ബെല്ലിഡാന്‍സ് കാണിച്ചുകൊടുക്കുകയും രാജാവിന്
ബോധിച്ച 'മുഴുത്ത' അഞ്ചാറെണ്ണത്തെ പൊതിഞ്ഞു കൊട്ടാരത്തില്‍കൊണ്ടു കൊടുക്കുകയും ചെയ്തിട്ടുണ്ടാവണം. അതുകൊണ്ടാവണം രാജാവ് ഉടനടി ഒരു
കോര്‍പ്പറേഷനും അവിടത്തെ മേയര്‍ പദവിയും കാനായിച്ചേട്ടന് കൊടുത്തത്. അല്ലാതെ വെറുതേയൊന്നും ഒരു രാജാവ് ഇത്രവലിയ കടുംകൈ കാണിക്കാന്‍
യാതൊരു സാധ്യതയുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ചെമ്പുതകിടിലും മറ്റും എഴുതാന്‍ പറ്റുമോ?
അല്ലെങ്കില്‍പ്പിന്നെ പത്തുനൂറു കപ്പലുകള്‍ സ്ഥിരമായി വന്നുപോകുന്ന മുച്ചിറിപട്ടണം അഥവാ കൊടുങ്ങല്ലൂര്‍ ഹാര്‍ബറില്‍ ആരൊക്കെ വരുന്നൂ
പോകുന്നൂ. അവര്‍ക്കൊന്നുമില്ലാത്ത എന്ത് പ്രാധാന്യമാണ് അല്‍ സലാമുള്‍ ക്നായി ഹുസൈന്‍ തൊമ്മന്‍ ഷെയ്ഖിന് ഉള്ളത്? ചൈനാക്കാര്‍,
ഗ്രീക്കുകാര്‍, റോമാക്കാര്‍, സിലോണ്‍കാര്‍, യഹൂദര്‍, അറബികള്‍, പേര്‍ഷ്യാക്കാര്‍, തുടങ്ങിയവരൊക്കെ സ്ഥിരമായി വന്നും പോയുമിരിക്കുന്ന
കൊടുങ്ങല്ലൂര്‍ അക്കാലത്തെ ഒരു ചെറിയ ഐക്യരാഷ്ട്രസഭ തന്നെ ആയിരുന്നിരിക്കണം. അവിടുത്തെ രാജാവായ മേല്‍പ്പടിയാന്‍ കപ്പലിന്‍റെ
വലിപ്പംകണ്ടോ കപ്പലില്‍ വന്നയാളുടെ താടിയുടെ നീളംകണ്ടോ വാ പൊളിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍പ്പിന്നെ 'കനപ്പെട്ടത്'
എന്തെങ്കിലും കിട്ടാതെ രാജപ്പന്‍ചേട്ടന്‍ ഇത്രയും വലിയ ഒരു ഔദാര്യം കാണിക്കാന്‍ ഒരു വഴിയുമില്ല.
എന്തായാലും നസ്രാണികളുടെ ഇടയില്‍ ഇന്നുകാണുന്ന പല സംഭവങ്ങളും ക്നായിതൊമ്മന്‍ ആന്‍റ് പാര്‍ട്ടി കൊണ്ടുവന്നതാണ്. ചട്ടയും മുണ്ടും,
പാലപ്പം, മാര്‍ഗംകളി അങ്ങനെ പലപല കാര്യങ്ങള്‍. ആ ക്നായിതൊമ്മന് ഇവിടെ താമസമുറപ്പിക്കാന്‍ സഹായിച്ചത് കൂടെക്കൊണ്ടുവന്ന
മധുരാംഗിമാരുടെ ബെല്ലിഡാന്‍സും. അപ്പോള്‍പ്പിന്നെ കേരളചരിത്രത്തില്‍ ബെല്ലിഡാന്‍സിനും ഒരു വലിയ പങ്കില്ലേ?
[മറ്റൊരു ബ്ലോഗില്‍ ആറുമാസം മുന്‍പ് ഇട്ട പോസ്റ്റിന്റെ
വിപുലീകരിച്ച റീപോസ്റ്റ്.]
ഓഫ്: ശൈശവാവസ്ഥയിലുള്ള ഈ ബ്ലോഗിന് കുറച്ച് പോപ്പുലാരിറ്റി (പോപ്പുലര്‍ ഫ്രെണ്ടല്ല) കിട്ടാന്‍ വേണ്ടി മനഃപൂര്‍വമാണ് പോസ്റ്റുകളില്‍ അല്പം നര്‍മം ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ ഗൌരവമുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക.
ഓഫ്: ശൈശവാവസ്ഥയിലുള്ള ഈ ബ്ലോഗിന് കുറച്ച് പോപ്പുലാരിറ്റി (പോപ്പുലര്‍ ഫ്രെണ്ടല്ല) കിട്ടാന്‍ വേണ്ടി മനഃപൂര്‍വമാണ് പോസ്റ്റുകളില്‍ അല്പം നര്‍മം ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ ഗൌരവമുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക.